സ്ത്രീ : ” മോൻ.. ജയ് അല്ലെ… വാ അകത്തേക്ക് കയറി ഇരിക്കൂ ”
ഞാൻ : ” അമ്മ? ”
സ്ത്രീ : ” അതെ ഞാൻ ലിയോണായുടെ അമ്മ ലൈല. മോൻ അവിടെ തന്നെ നില്കാതെ അകത്തേക്ക് കേറൂ ”
ഞാൻ അകത്തേക്ക് കയറി. അവിടെ ഉണ്ടായിരുന്ന സോഫയിൽ ഞാൻ ഇരുന്നു. അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും ഒന്ന് തിരിച്ചു ചിരിച്ചു കാണിച്ചു.
വെറുതെയല്ല ലിയോണയ്ക്ക് ഇത്ര പൊക്കം അമ്മ മെലിഞ്ഞത് പോലെ തന്നെ ആണ് അവൾ ഇരിക്കുന്നത്.
ലൈല : ” ലിയ മോനെ പറ്റി എന്നും പറയും. ഞാൻ കുറേ നാളായി മോനെ വീട്ടിലേക്ക് വിളിക്കണം എന്ന് വിചാരിക്കുന്നു ”
ഞാൻ : ” ഞാനും വരണം എന്ന് കുറേ തവണ വിചാരിച്ചതാ. പക്ഷെ….. ”
ലൈല : ” തിരക്കായി പോയി അല്ലെ ”
ഞാൻ : ” ഹേയ്…. മടി ആയിരുന്നു സത്യത്തിൽ ”
ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു. അത് കണ്ട് അമ്മയ്ക്കും ചിരി വന്നു.
ലൈല : ” ഇപ്പോളത്തെ പിള്ളേരല്ലേ……. ഇങ്ങനെ ഒക്കെ ആണ് നിങ്ങളുടെ രീതി ”
ഞാൻ : ” ലിയോണ എവിടെ അമ്മേ ”
ലൈല : ” അവൾ ജോലിക്ക് പോയല്ലോ മോനെ ”
ഞാൻ : ” ശ്ശെ ഇന്ന് എന്നോട് ഇങ്ങോട്ട് വരണം എന്ന് പറഞ്ഞ് ലീവ് എടുപ്പിച്ചിട്ട് അവൾ പോയോ ”
ലൈല : ” അവൾക്ക് അല്ല എനിക്കായിരുന്നു മോനെ ഒന്ന് കാണേണ്ടത്. മോനെ ഞാൻ ഒന്ന് പരിചയപ്പെടണമല്ലോ. അതായത് മകളുടെ ഭർത്താവ് ആയി അവൾ കണ്ടെത്തിയ മോനെ അമ്മയ്ക്ക് ഒന്ന് കണ്ട് ബോധ്യപ്പെടണം. അതാണ് അമ്മ ഉദ്ദേശിച്ചത് ”
ഞാൻ : ” ലിയോണ എല്ലാം പറഞ്ഞു അല്ലെ ”
ലൈല : ” പറഞ്ഞു…. അവളുടെ ഇഷ്ടം ആണ് എനിക്ക് വലുത്. എങ്കിലും…… ഒന്ന് അറിയണോല്ലോ ”
ലിയോണ ബുദ്ധിപരമായി മുങ്ങിയതാണ് എന്ന് എനിക്ക് മനസിലായി. എന്നെ അവളുടെ അമ്മയുടെ മുൻപിൽ പ്രെസന്റ് ചെയ്യുമ്പോൾ അവിടെ നിന്ന് അമ്മയുടെ റിയാക്ഷൻ കാണാൻ വയ്യാതെ മുങ്ങി കളഞ്ഞു കള്ളി.
ലൈല : ” മോൻ ഇന്ന് എന്തായാലും ഇനി വൈകിട്ട് പോയാൽ മതി. ഞാൻ ഊണ് ഒക്കെ തയ്യാർ ആക്കിയിട്ടുണ്ട് ”
ഞാൻ : ” ഓഹ് അമ്മയുടെ ഇഷ്ടം ”
