ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫെസ്സർ എന്റെ സിലബസ്സും ടൈം ടേബിളും വിശദീകരിച്ചു തന്നു. അപ്പോൾത്തന്നെ വിദ്യാർഥികളെ പരിചയപ്പെട്ടു. ദിവസങ്ങൾ കഴിയുന്തോറും ഞാൻ കൂടുതൽ അധ്യാപനത്തിലേക്ക് ആണ്ടുമുങ്ങി. അവിടത്തെ ലൈബ്രറി ആയിരുന്നു ഒരു പ്രധാന ആകർഷണം. തൽക്കാലത്തേക്കെങ്കിലും ഞാൻ ബാങ്കും, ജീവിതത്തിലുണ്ടായ വേദനാജനകമായ സംഭവങ്ങളും മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചുമൂടി. പോകെപ്പോകെ ഒരു സങ്കടകരമായ സത്യം ഞാൻ മനസ്സിലാക്കി. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ സ്റ്റുഡന്റ്സ് മിക്കവർക്കും ഒരു താൽപ്പര്യവുമില്ല. ഞാനൊക്കെ പഠിക്കുന്ന കാലത്തിനെക്കാളും എത്രയോ സീരിയസ്സാണിവർ! ത്രസിക്കുന്ന യൗവ്വനം വെറും പുസ്തകം തീനികൾ മാത്രമായി കഴിച്ചുകൂട്ടുന്ന അവരുടെ അവസ്ഥ കണ്ടിട്ട് ഇത്തിരി സങ്കടവും തോന്നി. എന്നാലും എന്റേതായ രീതിയിൽ ചെറിയ തീപ്പൊരികൾ ഇട്ടുകൊടുത്തു. പക്ഷേ വളർത്താൻ സമയം അനുവദിക്കുമോ എന്ന കാര്യമാണെന്നെ പിന്നിലേക്ക് വലിച്ചത്.
അപ്പോഴാണ് ഒരു ദിവസം ലളിതച്ചേച്ചി എന്നെ ഒരാൾക്ക് പരിചയപ്പെടുത്തിയത്. ഇതാണ് അർച്ചന. നിന്റെ സ്റ്റുഡന്റ് ആണ്. കഴിഞ്ഞ രണ്ടാഴ്ച്ച അങ്ങു വയനാട്ടിൽ ആയിരുന്നു. ഇളം കറുപ്പും എണ്ണമയവും അച്ചടക്കമില്ലാതെ തഴച്ചു വളരുന്ന മുടിയും. അവൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ടെന്നെ ഉറ്റു നോക്കി. അർച്ചന… ഓ… അവധിയിൽ ആണെന്ന് പ്രഫെസ്സർ പറഞ്ഞിരുന്നു.
റമ്മിന്റെ അകമ്പടിയോടെ അവളുടെ ജീവിതത്തെപ്പറ്റി ഞാനറിഞ്ഞു. മുളകൾ കൊണ്ടു കുട്ടയും പരമ്പും ഉണ്ടാക്കി ജീവിക്കുന്ന ആദിവാസികളാണ് അവളുടെ കുടുംബം. അവളുടെ ജീവിക്കാനുള്ള യുദ്ധം, അതിന്റെ ഒരോ വശങ്ങളും… ഇതെല്ലാം ചേച്ചിയും അവളും വരഞ്ഞുകാട്ടിയപ്പോൾ ഞാനെല്ലാം ഒന്നുമല്ല എന്നു തോന്നി. ചേച്ചിയുടെ അക്കൗണ്ടന്റും സഹായിയും എല്ലാമായിരുന്നു അവൾ.
അടുത്ത ആഴ്ച്ചകളിൽ അർച്ചനയെ, അവളുടെ ആവേശത്തിനെ ഞാൻ പ്രോത്സാഹിപ്പിച്ചു. അവളെ മറ്റു വിഷയങ്ങളിലും സഹായിച്ചു. ഞാൻ ഇന്സ്റ്റിറ്റിയൂട്ട് വിടുന്നതിനു മുന്നേ അവൾ ഏതായാലും എംഫിൽ തീർക്കും എന്നുറപ്പ് വരുത്തി.
ഇതിന്റെ മറ്റൊരു വശം ലളിതച്ചേച്ചിയുടെ പല തരം പരിപാടികളിൽ ഞാനും വലിച്ചിഴക്കപ്പെട്ടു എന്നതാണ്. അർച്ചന ആണ് പ്രധാന ക്രിമിനൽ. പതിയെ കഞ്ഞിവീഴ്ത്ത്, രക്തദാനം, സമൂഹവിവാഹം, ക്യാൻസർ രോഗികളെ സഹായിക്കൽ…. ശരിക്കും ഒരു ദന്തഗോപുര വാസിയായിരുന്ന ഞാൻ മെല്ലെ സമൂഹത്തിലേക്ക് ഇറങ്ങി. ഇക്കണോമിക്സ് തിയറിയിൽ ഗുരുക്കർ കാട്ടിയ വേറിട്ട വഴിയിലൂടെ സഞ്ചാരം തുടങ്ങി. ഒരു പേപ്പറും പബ്ലിഷ് ചെയ്തു.
