” നിന്റെ വായിൽ നാക്കില്ലേ മാധവീ ?”’
”ഏഹ് … ഉ .. ഉണ്ട് ” മഹി ചോദിച്ചപ്പോൾ മാധവി പെട്ടന്നൊന്ന് ഞെട്ടിയെങ്കിലും അവനെ നോക്കി പറഞ്ഞിട്ട് മുഖം കുനിച്ചു .
” ഞാനാണ് ഇതുവരേം സംസാരിച്ചത് .. മിണ്ടാന്‍ ഇഷ്ടമില്ലേല്‍ ഞാനിനി ഒന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല ”
മഹി ബിരിയാണി വന്നപ്പോള്‍ അവളുടെ പ്ലേറ്റിലേക്ക് പകര്‍ന്നുകൊണ്ട് പറഞ്ഞപ്പോള്‍ മാധവി അവനെ വിഷണ്ണയായി നോക്കി .
”നിന്റെ സ്വന്തം വീടെവിടെയാ ? അവിടെ ആരൊക്കെയുണ്ട് ? പോകാറില്ലേ അവിടെ ?”
”’ അവിടെ ആങ്ങളേം നാത്തൂനും മാത്രമേ ഉള്ളൂ … പോകാറില്ല … ” മാധവി പെട്ടന്ന് തന്നെ ഉത്തരം പറഞ്ഞു
‘അതെന്നാ ?”
” അവര്‍ക്കെന്നെ ഇഷ്ടമില്ല … ” മാധവി മുഖം കുനിച്ചു .
” വിളിക്കാറുണ്ടോ ?”
”ഇല്ല …”’
” എവിടെയാ വീട് ?”
മാധവി അവന്‍ ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു . മഹിയും തന്റെ ജോലിയെക്കുറിച്ചും ദുബായ് വിശേഷങ്ങളെ പറ്റിയുമെല്ലാം വാചാലനായി .
മാധവി ആകാംഷയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു .
അവള്‍ മഹിയെ നോക്കി കൊണ്ട് തന്നെയാണ് സംസാരം കേട്ടിരുന്നത് .
” ഇതും കൂടെ കഴിക്ക് … ഒരു ബിരിയാണി കൂടെ പറയട്ടെ .. ”ചിക്കന്റെ ലെഗ്‌പീസ് മാധവിയുടെ പ്ളേറ്റിലേക്ക് ഇട്ടിട്ട് മഹി പറഞ്ഞപ്പോൾ മാധവിയുടെ കണ്ണുകൾ വികസിച്ചു .
”വേണ്ട … ” മാധവി അവൻ കൊടുത്ത ലെഗ്‌പീസ് നുള്ളിയെടുത്തു കൊണ്ടാണ് പറഞ്ഞത് .
നല്ല രുചികരമായ ബിരിയാണിയായിരുന്നു .
” വല്ലതും വേണേൽ പറയണം . ഞാൻ എന്നാ അന്യനാണോ ..വേണ്ട ..ഇല്ല .. മതി എന്നൊക്കെ പറയാൻ . ബിരിയാണി പറയട്ടെ ?”
”അയ്യോ ..വേണ്ട .. വയർ നിറഞ്ഞു ” മാധവി അവനെ നോക്കി പുഞ്ചിരിച്ചു .
എന്നിട്ട് ഒന്ന് മടിച്ചിട്ട് അവൾ തന്റെ മുട്ട പുഴുങ്ങിയത് അവന്റെ പ്ളേറ്റിലേക്ക് വെച്ചിട്ടവനെ നോക്കി .
” മുട്ടയിഷ്ടമില്ലേ ? അതോ എന്റെ ക്ഷീണം മാറ്റാൻ ആണോ ?” മഹി കുസൃതിയോടെ അവളെ നോക്കി
