ശ്രീലക്ഷ്മി : “കല്യാണം കഴിഞ്ഞ് എല്ലാം വളരെ സന്തോഷത്തിലാണ് പോയിരുന്നത്. ഇടക്ക് നിക്സനായിട്ട് ഉണ്ടാക്കി വക്കുന്ന അല്ലറ ചില്ലറ പൊല്ലാപ്പുകൾ ഒഴിച്ചാൽ ശരിക്കും ഞങ്ങളുടെ ജീവിതം സ്വർഗ്ഗം തന്നെയായിരുന്നു….”
റോഷൻ ലൈറ്റ്സിന് തീ കൊടുക്കവെ, ഓർക്കാൻ ഇഷ്ടമില്ലാത്ത എന്തോ പറയാനെന്നവണ്ണം ശ്രീലക്ഷ്മി ഒന്ന് സ്വയം തയ്യാറെടുത്തു.
ശ്രീലക്ഷ്മി : “ഒരു ദിവസം… അവൻ ഉണ്ടാക്കി വച്ച മറ്റൊരു ഇടപാടിന്റെ പ്രശ്നം പരിഹരിക്കാൻ ചേട്ടായിക്ക് മംഗലാപുരത്തേക്ക് പോവേണ്ടി വന്നു. അജ്മൽ ഇക്കയാണെങ്കിൽ ഒരു കല്യാണം കൂടാനായി ദുബായിൽ പോയിരിക്കുകയായിരുന്നു ആ സമയം…”
“എന്നിട്ട്…?”, റോഷൻ ജിജ്ഞാസയോടെ ചോദിച്ചു.
ശ്രീലക്ഷ്മി :”മംഗലാപുരത്ത് വച്ചുണ്ടായ ഒരു വാക്ക് തർക്കത്തിനിടെ ആരോ ഒരുത്തൻ ചേട്ടായീടെ വയറ്റിൽ കത്തി കൊണ്ട് കുത്തി… 6 ദിവസം വേദന സഹിച്ചു ചേട്ടൻ ICU വിൽ കിടന്നു… വിവരമറിഞ്ഞു ഇക്ക നാട്ടിലെത്തിയപ്പോഴേക്കും… ചേട്ടായീ…….”
അവൾ ഒന്ന് നിർത്തി… പക്ഷെ കരഞ്ഞില്ല… എന്തിനും ഏതിനും സങ്കടം വരുന്ന ആ പഴയ ശ്രീലക്ഷ്മിയിൽ നിന്നും അവളെത്തി നിൽക്കുന്ന മാറ്റം കണ്ടു റോഷൻ അതിശയം പൂണ്ടു.
അവൾക്കൊരു ഇടവേള നൽകി, റോഷൻ സിഗരറ്റിൽ നിന്നും രണ്ടു പുക എടുത്തു വിട്ടു… അവളും തന്റെ ശ്വാസഗതി നേരയാക്കി, ശേഷം വീണ്ടും തുടർന്നു….
ശ്രീലക്ഷ്മി : വന്നതും… ചേട്ടായീനെ കൊന്നവന്റെ ഉയിരെടുക്കാൻ ഇക്ക ഇറങ്ങിത്തിരിച്ചു… ഞാനും അമ്മയും കൊറേ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇക്ക കേട്ടില്ല… അത്രക്കുണ്ടായിരുന്നു അവർ തമ്മിലുള്ള കൂട്ട്… കൊന്നവൻ ആരെന്നും, എവിടെയാണ് ഉള്ളതെന്നും കണ്ടെത്തി, ഇക്ക പുറകെത്തിരിച്ചു. ഒടുവിൽ റാഞ്ചിയിലെ ഏതോ തെരുവിൽ വച്ച്, ചേട്ടായീനെ കുത്തിയവനെ അതേ കണക്ക് ഇക്കയും കുത്തി വീഴ്ത്തി…”
അത് പറയവെ, ലാക്സനെ കൊന്നവനോട് പ്രതികാരം ചെയ്യപ്പെട്ടതിന്റെ മൃഗീയമായ സംതൃപ്തി റോഷൻ ശ്രീലക്ഷ്മിയുടെ കണ്ണുകളിൽ കണ്ടു… ശ്രീലക്ഷ്മി തുടർന്നു…
ശ്രീലക്ഷ്മി : “പക്ഷെ പോയ ഇക്കയും പിന്നെ തിരികെ വന്നില്ല…. ഞാൻ കുറേ വട്ടം വിളിച്ചു നോക്കിയെങ്കിലും ആരും തന്നെ ആ ഫോൺ എടുത്തില്ല… ഒരു ദിവസം, പുറംപണിക്ക് വന്ന ആരെക്കെയോ തമ്മിൽ സംസാരിക്കുന്നത് കേട്ടു; തിരികെ വരുന്നതിനിടയിൽ, കുത്തിയവന്റെ കൂടെയുള്ളവർ ഇക്കയേയും…”
